Tuesday 9 October, 2007

ഏഷണിക്കടവ്‌

മുക്രി കോയാക്കാന്‍റെ ശബ്ദം മൈക്കിലൂടെ ബാങ്കായി ഉയര്‍ന്നു. ഏതൊക്കെയോ കിളികള്‍ കളകള ശബ്ദമുണ്ടാക്കി...നേരം വെളുത്ത്‌ വരുന്നേയുള്ളു......കുഞായിശ കൂട്ടി വെച്ച തുണികെട്ടുമെടുത്ത്‌ കുളികടവിലേക്ക്‌ നടന്നു. ആ പ്രദേശത്ത്‌ കുഞായിശുവാണ്‌ ആദ്യം കുളികടവിലെത്തുന്നത്‌.
പിന്നെ ഓരോരുത്തരായി വന്നു തുടങ്ങും. പിന്നെ പാറയോടോ..തുണിയോടോ എന്നറിയില്ല...അല്ലലും...കുശലങ്ങളുമായി മല്‍പിടുത്തമാണ്‌...
വഴി മാറിയൊന്ന്‌ അതിലെയങ്ങാന്‍ നടന്നു പോയാല്‍..
അങ്ങോട്ട്‌ നോക്കിയില്ലെങ്ങില്‍ കേള്‍ക്കാം ശബ്ദം...
ഇങ്ങോട്ട്‌ നോക്കല്ലീ പെണ്ണുങ്ങള്‌ കുളിക്കുന്നുണ്ടു...മനസ്സിലിരിപ്പ്‌ ഇതല്ലേ...
501 ബാര്‍സോപ്പ്‌ കല്ലില്‍ ഒട്ടിക്കുന്നതിനിടയില്‍ ആമിനതാത്ത വന്നു.
കുഞായിശോ...ആരും വന്നില്ലേടീ...??
ഒക്കെ ബരാന്‌ നേരാവുന്നുള്ളു...ആമീ...ഇങ്ങള്‌ തൊടങ്ങികോളീ...അല്ലെങ്കില്‌ പിന്നെ കല്ല്‌ കിട്ടൂലാ....
ഞമ്മള സൈന ഇന്ന്‌ വെരൂല ട്ടോ...ഇന്നലെ ഓള പുയ്യാപ്ലാ ദുബായീന്ന്‌ ബന്ന്‌കുണു...ഓള്‌ക്ക്‌ കോളടിച്ചൂല്ലേ...കുഞൂ...
ഒരു കള്ളചിരിയോടെ ആമീ കുഞായിശയെ നോക്കി..
അപ്പോഴെക്കും ശാരദ ടീച്ചറും,രുഗ്‌മിണിയും,,മാളുകുട്ടിയും,സുബൈദയുമെത്തി..
കടവിലെ ഒട്ടുമിക്ക കല്ലുകളിലും 501 ഒട്ടി പിടിച്ചു...ആക്കെ ഒരു ട്ടപ്പോ ട്ടപ്പോ എന്ന ശബ്ദമയം...

ഇവിടെ ഗള്‍ഫില്‍ ബക്കറ്റിലിട്ട തുണിയിലെ അഴുക്ക്‌ ഇങ്ങിനെ അടിക്കാതെ തന്നെ പോക്കാരുണ്ടല്ലോ..പിന്നെ എന്തിനാവോ ഈ മര്‍ദ്ധനം...വെറുതെ അല്ല നാട്ടില്‍ ചെല്ലുബോല്‍ ഷര്‍ട്ടിന്‍റെ കുടുക്കുകള്‍ പകുതിയായി മാറുന്നത്‌...അല്ലെങ്കില്‍ ഒരു പക്ഷേ ഇന്നലത്തെ വിഷമങ്ങള്‍ തല്ലി തീര്‍കുന്നതാവും അല്ലേ..ആര്‍ക്കറിയാം അവരോട്‌ തന്നെ ചോദിക്കണം.

ഈ കുഞായിശൂന്‍റെ വര്‍ത്താനം കേക്കാന്ന്‌ നല്ല രസാ സമയം പോകുന്നതേ അറിയില്ല..
ശാരദടീച്ചരുടെ കമന്‍റ്റ്‌..കേട്ട്‌..കുഞായിശൂ...
ടീച്ചറെ ഇങ്ങള്‌ ബേഗം കുളിച്ച്‌ പൊയികോളീ..
അല്ലെങ്കി പിന്നെ ഇസ്‌കൂള്‌ക്ക്‌ പോകാന്‌ നേരം ബൈകും.
അല്ല കുഞായിശൂ അന്‍റെ വിശേശമൊന്നും തൊടങ്ങീലേ എന്തെയ് അനക്ക്‌ പറ്റിയത്‌..സുബൈദ..
അള്ളൊ..ഞമ്മക്കെന്ത്‌ ബിശേശം..ഇങ്ങക്കല്ലേ..ഞമ്മള്‌ തൊള്ള തൊറന്ന പിന്നെ അത്‌ ഏശണിയാവും..ഞമ്മളില്ലേ.
അയിന്‌പ്പോ അനകെന്ത..ഇജ്ജ്‌ ഇണ്ടാക്കി പറീണതാ ഇതൊക്കെ...ഇജ്ജ്‌ കേകണതല്ലേ..
ഒക്കെ ശെരിയ...ഇന്നലും ഇങ്ങള മുന്നില്‌ ഞമ്മള്‌ ഏശണികാരിയല്ലേ...
പിന്നെ ഇങ്ങള്‌ അറിഞോ...ഞമ്മള ജബാറിന്‍റെ കേട്ടിയോള്‌ ഓള കുടീക്ക്‌ പോയി ഇന്നലെ രാത്രീല്‌..
റബ്ബേ...തന്നെ...എപ്പളാ കുഞോ..ആമിനത്താ...
ജബാറിന്‍റെ ഇമ്മാന്‍റെ എടങ്ങേറ്‌ ഇങ്ങക്ക്‌ അറീല്ലേ ഏത്‌ പെണ്ണ അവടെ നിക്കണത്‌...
പിന്നെ ഞമ്മള സുഹറാന്‍റെ കാര്യം അറിഞോ...പടച്ചൊന്‍റെ ഓരോ വിധിന്നല്ലാതെ എന്ത പറയ്യാ...
ഇജ്ജ്‌ മന്‌സനെ ബേജാറാക്കാതെ കര്യം പറ കുഞോ...
ഇന്‍റെ ആമിനതാത്താ...മന്‍സമാര്‍ക്ക്‌ കൊറെ പൈസയിണ്ടയിട്ടെന്താ കാര്യം..
ഓളെ മൊയി ചൊല്ലാന്‍ പോവാത്രെ...ഞമ്മള്‌ പറഞൂന്ന്‌ ഇങ്ങള്‌ ആരോടും പറയല്ലീട്ടോ..
പിന്നെ ആക്കെ പൊല്ലാപ്പാവും..ഇന്നലെ ഓള നാത്തൂന്ന്‌ ബുഷ്‌റ കുടീല്‌ വന്നപ്പോ പറഞതാ..
പറഞ്‌ നാക്കെടുത്തില്ലാ അതാ ബെരുണു സൂറ...
കുഞോ ഇജ്ജ്‌ ആ വര്‍ത്താനം മുണ്ടന്‍ടാ...ഓള്‌ക്ക്‌ ബെസമമാവും
ഇന്നാലും ഓള ഗമ നോക്കി ഇങ്ങള്‌...ബല്യ പൈസക്കാരന്‍റെ മോളല്ലേ....ഞന്‌ മുണ്ട്‌നില്ല...

അല്ല കുഞോ...പണ്‌ട്‌ അനെ രണ്ടു വട്ടം മൊയി ചൊല്ലിയതല്ലേ ....രുഗ്‌മിണി പറഞു.
അനെ ഇപ്പോ ആര ഇതീക്ക്‌ ഷെണിച്ചത്‌..ഇജ്ജ്‌ അന്‍റെ പണി നോകിക്കോ..അല്ല..
അതെയ്‌ ഇന്‍റെ കൊയപ്പല്ലാട്ടോ..ഇജ്ജ്‌ മൂപരെ പറ്റായിട്ടാ...മന്‍സിലായോടീ...അല്ലാതെ അന്‍റെ കൊട്ടിയോന്‍ പണ്ട്‌ ആ സരസ്സുന്‍റെ പിന്നലെ നടന്ന കാര്യം ഇബടെ ആര്‍ക്കാ അറിയാത്തത്‌...ഇന്നെ കൊണ്ടു ബെര്‍തെ പറയിക്കണ്ടാ...
വെറുതെ രാവിലെ എന്തിനാ ഒരു വഴക്ക്‌....ഞാന്‍ പോവാട്ടോ...ശാരദ ടീച്ചര്‍.
കുഞോ എന്തിനാ ഇജ്ജ്‌ രുഗ്‌മിണിയോട്‌ ഒരു ചിതാന്തം..സുഹുറ ചോദിച്ചു.

ഒന്നൂല്ല സൂറേ...ഓള്‌ ബെര്‍തെ ഇന്‍റെ മേത്ത്‌ക്ക്‌ ചാടാന്‍ നോക്കിയ ഞമ്മള്‌ ബിടോ...
ഇന്നെന്താ..ബിശേശം...സുഹുറ..കുഞായിശൂനോട്‌...
ഇള്ളത്‌ ഇബടെ ബളമ്പി കയിഞു ഇഞീ അനക്ക്‌ ബാനെങ്കി ഞമ്മള്‌ പയേത്‌ ബളമ്പാം...ബാണോ..ഞമ്മള മാനുകാക്കാന്‍റെ ചെറുക്കന്‍ വാപ്പുട്ടി...യില്ലേ ഓന്‌ പെട്ടിപീടിയ നടത്ത്‌ണ മായിന്‍ഹാജീന്‍റെ മോളോട്‌ എന്തോക്കെ ഇണ്‌ട്‌ന്ന്‌ ഞമ്മള സുനി പറഞു.
യാ തന്നെ...ഹജിയാര്‍ അറിഞാ പിന്നെ ആക്കെ ഗുലുമാലാവോല്ലോ...കുഞോ....
അയിനിപ്പോ ഞമ്മളെന്ത ചെയ്യാ...സൂറാ
അല്ല കുഞോ എന്ത അന്‍റെ അമ്മായിമാന്‍റെ ബിശേശം..?? സുഖല്ലാന്ന്‌ കേട്ടൂ...നേരാ..?
ആ തള്ളന്‍റെ കര്യം പറയണ്ട...അയിന്‌ ഒരു സുകേടുല്ലാ ബെര്‍തെ നൊണീ പര്‍ഞ്‌ ..കുടീത്തെ ഒരു പണീ ഇടുക്കൂലാ..ഒക്കെ ഞാന്‍ ചെയ്യണം തള്ളക്ക്‌ ഞമ്മളായതോണ്ട്‌ തരക്കടില്ല..ബെറെ ഒര്‌ മന്‌സമ്മാര്‌ ആ തള്ളന്‍റെ അട്‌ത്ത്‌ നിക്കൂല്ലാ..
അല്ല കുഞോ..അയിന്‌ അന്‍റെ കുടീല്‌ അന്ത്രുക്കാന്‍റെ നബീസയല്ലേ പണീട്‌ക്ക്‌ണത്‌...
ഇന്നാലും ഇന്‍റേ കണ്ണെത്തെണ്ടേ...എല്ലാട്‌ത്തും..റബ്ബേ ബര്‍ത്താനം പര്‍ഞ്‌ നേരങ്ങട്ട്‌ പോയി..കുട്ട്യളെ ഇസ്‌കൂള്‌ക്ക്‌ പറഞയകണം.....ആമിനാത്തെ..സൂറാ...ഞമ്മള്‌ പോവ്വാട്ടോ...ഇനി ഇങ്ങള്‌ പറഞോളീ...ഞമ്മള്‌ ബയങ്കര ഏസണിക്കാരിയാണ്‌ എന്നൊക്കെ....ഓരോര്‌ത്തര്‌ പറീണത്‌ കേട്ട്‌ ഞമ്മള്‌ ഇങ്ങളോട്‌ പറീബോ...ഇങ്ങക്ക്‌ കേക്ക...
പിന്നെ ഞമ്മള്‌ മോസാവും..ഇതാപ്പോ കൂത്ത്‌...അല്ലാതെ ബെര്‍തെ ഇണ്ടാക്കി പറയന്‌ ഇജ്ജെന്ത പിരാന്താ..ഈ പെണ്ണുങ്ങള്‌ ബല്ലാത്ത സാധനങ്ങളാ...
അല്ല ഇപ്പോ ഇങ്ങള്‌ ഇതൊക്കെ ബായിച്ചില്ലേ...ഇങ്ങള്‌ പര്‍ഞാണീ....
ഞമ്മള്‌ മോസായിട്ട്‌ ബല്ലതും പറഞോ..ഇബടെ...ബെര്‍തല്ല ഈ കടവിന്ന്‌ ഏസണി കടവ്‌ന്ന്‌ പേരിട്ടത്‌..ഇബടെ ബെര്‌ണ പെണ്ണ്‌ങ്ങളൊക്കെ ഏസണിക്കാരികളാ...
ഇന്നെ അയില്‌ കൂട്ടല്ലീട്ടോ....ഈ ബര്‍ത്താനം തീരൂല്ലാന്ന്‌..ഇങ്ങള്‌ ബയിന്നാരം ബെരീ..ബാക്കി അപ്പോ കേക്കാം...ഇന്ന പിന്നെ ഞമ്മള്‌ അങ്ങട്ട്‌ നടക്കട്ടെ....അല്ല ഇഞീ ഇങ്ങളും എയ്‌തിക്കോളീ...ഞമ്മള്‌ ഏസണിക്കാരിയാന്നൊക്കെ.....ഇജ്ജ്‌ ആരീ പേടീല്ല...ഇങ്ങക്ക്‌ ഇഷ്ടള്ളത്‌ എയ്‌തികോളീ..ബയിന്നാരം ബെരാന്ന്‌ മറക്കല്ലീട്ടോ.

--------------------------------

സുന്ദരിയായ നിലംബൂര്‍ ചാലിയാറിന്‍റെ അരുമകളായ ഒരു കൂട്ടം നാട്ടുക്കാരി പെണ്ണുങ്ങളുടെ ഓര്‍മ്മയിലേക്ക്‌ സമര്‍പ്പിക്കുന്നു..... ഇന്ന്‌ പുഴവക്കത്തെ കല്ലുകളില്‍ 501 സോപ്പുകള്‍ അപ്രത്യക്ഷമായിരിക്കുന്നു.ട്ടൈല്‍സിട്ട കുളിമുറികളിലേക്ക്‌ മാറി നമ്മുടെ കുളി സംസ്ക്കാരം.ഒപ്പംമാഞുപോയ കുറെ കുളിസീന്‍ കള്ളന്‍മാരും...


നന്‍മകള്‍ നേരുന്നു...

visit: http://mazhathullikilukam.blogspot.com

9 comments:

മന്‍സുര്‍ said...

കൊച്ചു കേരളത്തിലെ പ്രഭാത പുലരികളില്‍
പുഴയോരങ്ങളില്‍...ട്ടപ്പോ ട്ടപ്പോ എന്ന ശബ്ദം കേള്‍ക്കുന്നില്ലേ നിങ്ങള്‍....എവിടെ കേള്‍ക്കാന്‍
ഇപ്പോ ട്ടപ്പോ സമണ്ടില്ലാത്ത മിസീനുകളല്ലേ..എല്ലാര ബീട്ടിലും...കറന്‍റ്റിന്‍റെ ബില്ലും കൂടി..ഇപ്പൊ പുഴയില്‍ പോയി അലക്കി , കുളിച്ചു വരുന്നത്‌ ഒരു ബോറായി മാറിയത്രെ..
ഇന്നും നാട്ടിലെത്തിയാല്‍ ആദ്യം തന്നെ കുളിക്കാന്‍
പുഴയിലേക്ക്‌ ഓടും..അതൊരു വല്ലാത്ത സുഖമാ അല്ലേ...കേള്‍ക്കട്ടെ നിങ്ങളുടെ മൊഴികള്‍.

ശ്രീ said...

മന്‍‌സൂര്‍‌ ഭായ്...
കുളിക്കടവിലെ പരദൂഷണക്കഥകളിലേയ്ക്ക് ഒരു തിരിച്ചുപോക്ക്...അല്ലേ?

‘ഏഷണിക്കടവ്’ എന്നത് പറ്റിയ പേരു തന്നെ.
:)

കുഞ്ഞന്‍ said...

മന്‍സൂര്‍ ഭായ്,

പഴയ കാലഘട്ടത്തിലേക്കു എന്നെ കൊണ്ടു പോയി. പെണ്ണുങ്ങള്‍ക്ക് തുണിയുടെ അഴുക്ക് കളയുന്നതിനോടൊപ്പം മനസ്സില്‍ അടക്കിപ്പിടിച്ചിരിക്കുന്ന രഹസ്യങ്ങളായ വാര്‍ത്തകള്‍ ചൂടോടെ എത്തിക്കാന്‍ പറ്റിയ സ്ഥലമായിരുന്നു കുളിക്കടവ്. ആണുങ്ങള്‍ക്ക് ചായക്കടയായിരുന്നു ചൂടന്‍ വാര്‍ത്തകള്‍ വിതരണം ചെയ്യുന്ന സ്ഥലവും..! ഇന്ന് പല കുളിക്കടവുകളും നെടുവീര്‍പ്പിടുന്നുണ്ടാകും, അതൊക്കെയൊരു കാലമല്ലേന്ന്..!

Murali K Menon said...

ഏറനാടന്‍ ഏഷണി കൊള്ളാം. 501 ബാര്‍സോപ്പ് കല്ലിലൊട്ടിക്കാതെ അവരുടെ പല്ലിലോ നാവിലോ ഒട്ടിച്ചാല്‍ കൊള്ളായിരുന്നു അല്ലേ

പ്രയാസി said...

ന്റെ മന്‍സൂ..
ജ്ജ് ഒരു കുളിക്കടവും ബിടൂലാര്‍ന്നു അല്ലെ
ഞങ്ങളൊക്കെ കൊതിച്ചിട്ടുണ്ടെടാ പുള്ളെ പുഴയൊക്കെയുള്ള നാട്ടില്‍ താമസിക്കാനായിട്ടു!
എബടെ!?
അന്റേക്ക ഒരു സമയം.. ങ്ഹാ..
കലക്കീടാ മോനെ..
ഏഷണിക്കടവിലെ റിപ്പോര്‍ട്ടു കിടിലോള്‍ക്കിടിലം!

ഹരിശ്രീ said...

അല്ലെങ്കില്‍ ഒരു പക്ഷേ ഇന്നലത്തെ വിഷമങ്ങള്‍ തല്ലി തീര്‍കുന്നതാവും അല്ലേ..ആര്‍ക്കറിയാം അവരോട്‌ തന്നെ ചോദിക്കണം.

മന്‍സൂര്‍ ഭായ് കഥ കൊള്ളാം..

സഹയാത്രികന്‍ said...

ഈയ്യെന്തിനാ പുള്ളേ പൊയേന്റ കാര്യക്കെ എയ്താന്‍ പോയെ... മനുശന്റെ ഖല്‍ബിലു എടങ്ങേറ് ഇണ്ടാക്കാനായിറ്റ്... ഇനീപ്പം നാട്ടീ പോണം... പൊയേലു മുങ്ങണം... ബെര്‍തേ കിനാവ് കാണിക്കാ...!

:)
മന്‍സൂര്‍ജി... നന്നായി... ഏഷണിക്കടവ്...
പണ്ട് അച്ഛന്റെ വീട്ടില്‍ പോകുമ്പോള്‍ കണ്ടിട്ടുണ്ട് ഇതു പോലെ ഉച്ചയ്ക്ക് ഊണെല്ലാം കഴിഞ്ഞ്... പെണ്‍പട ഇളകും... പിന്നെ വട്ടം കൂടിരുന്ന് തുടങ്ങായി... നിങ്ങളറിഞ്ഞാ... നമ്മടെ വടക്കേലെ...

:)

മന്‍സുര്‍ said...

ശ്രീ....
നന്ദി.....

കുഞാ...
എല്ലാം ഇന്ന്‌ ഓര്‍മ്മകള്‍ മാത്രം

മുരളിഭായ്‌...

ഹഹാഹഹാ നല്ല ആശയം...പക്ഷേ അപ്പോ അവര്‍ അലക്ക്‌ വായിലാക്കും അല്ലേ...നല്ല ഐഡിയ....
ഒരു ഐഡിയ കണക്‌ഷന്‍ വാങ്ങു പുതിയ ഐഡിയകള്‍ ഉണ്ടാക്കൂ...

പ്രയാസി....

ഓ അതിന്‍റെ ഒരു സുഖം ഒന്ന്‌ വേറെ തന്നെയാ എന്‍റെ പ്രയാ.....സി
ചാലിയാറിന്‍റെ നാട്ടിലേക്ക്‌ സ്വാഗതം

ഹരിശ്രീ...

നന്ദി....

സഹയാത്രിക...

ഈ കടവ്‌ താങ്കളുടെ പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തി എന്നറിഞതില്‍ സന്തോഷം....ഇന്ന്‌ ഏഷണി പോയിട്ട്‌ പുഴ എവിടെ...

ഏല്ലാര്‍ക്കും സ്നേഹത്തിന്‍റെ പെരുന്നാല്‍ ആശംസകള്‍

നന്‍മകള്‍ നേരുന്നു

ബാജി ഓടംവേലി said...

ഏഷണിക്കടവ് നന്നായിരിക്കുന്നു.
അലക്കി അലക്കി വെളുപ്പിക്കട്ടെ.
"പക്ഷേ പ്രവാസത്തിന്‍റെ മറ്റു ചില വിജയഗാഥകളുടെ മുഖങ്ങളും നാം പറയെണ്ടതില്ലേ....എന്നൊരു തോന്നല്‍ മനസ്സില്‍, നാട്ടില്‍ ദാരിദ്ര്യങ്ങളില്‍ കഴിഞിരുന്ന പലരും ഈ പ്രവാസ ജീവിതത്തിലൂടെ ഉയരങ്ങളിലേക്ക്‌ എത്തിയിട്ടുണ്ടു..
ഒരു സാധാരണ പ്രവാസിയായി വന്നു പരിശ്രമങ്ങളിലൂടെ നല്ല നിലയില്‍ എത്തിയവര്‍ ധാരളം. പ്രവാസിയുടെ സങ്കട കഥകളൊടൊപ്പം ഇത്തരം കഥകളും പ്രതീക്ഷിക്കുന്നു. കഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ടെങ്കിലും കഷ്ടപ്പാടില്‍ നിന്നും കര കയറിയവരും ധാരാളമുണ്ടീ പ്രവാസ ഭൂമിയില്‍."
ഇത് താങ്കള്‍ എനിക്കെഴുതിയ കമന്റ്. നല്ല നിര്‍‌ദ്ദേശം നമ്മുടെ ചിന്തകളെ ആ വഴിക്കും നയിക്കാം.