Saturday 10 November, 2007

വിശപ്പിന്‍റെ നിലവിളി

തെരുവിന്‍റെ ഒരു ഭാഗത്തായ്‌ തടിച്ചു കൂടിയ ആല്‍ക്കൂട്ടം.
ഒരു വയസ്സനും, രണ്ടു കുഞ്ഞുങ്ങളും അവതരിപ്പിക്കുന്ന തെരുവ്‌ സര്‍ക്കസ്സായിരുന്നു അത്‌.
മുഷിഞൊരുടുപ്പും, പിന്നിപാറിയ മുടിയുമായ്‌ വലിഞ്ഞൊട്ടിയ വയറില്‍ കൈകളിട്ടടിച്ച്‌ ചെണ്ട ശബ്ദമുണ്ടാകി പാട്ട്‌ പാടുന്നാ കൊച്ചു ബാലിക. അമ്മിഞ്ഞ പാലിന്‍ മണം വിട്ട്‌ മാറാത്ത മറ്റൊരു

കുസൃതി കുടുക്ക അങ്ങോട്ടും , ഇങ്ങോട്ടും തലകുത്തിമറിയുന്നു.

ഈ കാഴ്ച കണ്ടു നിന്നവര്‍ കൈകള്‍ കൊട്ടി പ്രോത്‌സാഹിപ്പിക്കുന്നു ഒപ്പം നാണയത്തുട്ടുകള്‍ എറിഞ്ഞ്‌ കൊടുക്കുന്നു. ഇരുമ്പ്‌കമ്പിയും മുളങ്കോലുകളുമായ്‌ വയസ്സന്‍ അവസാന ഐറ്റംസ്സിലേക്ക്‌ ...കൂട്ടികെട്ടിയ മുളകമ്പുകള്‍ രണ്ടുവശങ്ങളിലായ്‌ കുത്തി നിര്‍ത്തി അതില്‍ ഇരുമ്പ്‌ കമ്പി നീട്ടി കിടത്തി വെച്ചു.
ഏകദേശം അഞ്ച്‌ മീറ്റര്‍ നീളമുള്ള കമ്പിയാണത്‌ .
ആല്‍ക്കൂട്ടത്തിന്‌ നേരെ തിരിഞ്ഞ്‌.... പ്രിയമുള്ളവരെ മായമല്ല...മന്ത്രമല്ല നിങ്ങളെ പോലെ മജ്ജയും മാംസവുമുള്ള ഒരു മനുഷ്യനാണ്‌ ഞാന്‍. ഒരു നേരത്തെ അന്നം ലക്‌ഷ്യമാക്കി ഈ ഇരുമ്പ്‌ കമ്പിയിലൂടെ യാതൊരു താങ്ങുമില്ലാതെ നടക്കാന്‍ പോക്കുകയാണ്‌ ഞാന്‍.
തട്ടിപ്പോ , വെട്ടിപ്പോ ചെയ്യാനറിയില്ല..
ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ഞങ്ങളുടെ ജീവനാണ്‌. ഈ പരിപ്പാടി അവസാനിക്കുബോല്‍ നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ തരണമെന്ന അപേക്ഷയോടെ ആരംഭിക്കാം. മുളകമ്പിലൂടെ ഇരുമ്പ്‌ കമ്പിയിലേക്ക്‌ ആ വയസ്സന്‍ കയറി നിന്നു...ഒരു നിമിഷം കണ്ണടച്ച്‌ പ്രാര്‍ത്ഥിച്ചു.
ആളുകള്‍ ചുറ്റിലും കൈയടിക്കുന്നു. അപ്പോഴും താഴെ ആ കുരുന്ന്‌ തലകുത്തി മറിയുന്നു. വയസ്സന്‍ ഇടറുന്ന കാല്‍പാദങ്ങളുമായ്‌ കമ്പിയിലൂടെ മുന്നോട്ട്‌..ആകാംഷഭരിതരായ്‌ നോകി നില്‍ക്കുന്ന ജനകൂട്ടം...

ഒരു നിമിഷം തറയില്‍ നാട്ടി നിര്‍ത്തിയ മുളകമ്പുകള്‍ മറിഞ്ഞു വീഴുന്നു. ഇരുമ്പ്‌ കമ്പിയില്‍ നിന്നും ആ വയസ്സന്‍ താഴേക്ക്‌ നിലംപതിച്ചു. തലപൊട്ടി ചോരയില്‍ പിടയുന്ന വയസ്സനരികിലേക്ക്‌ ബാബ ബാബ എന്നുറക്കെ വിളിച്ച്‌ കൊണ്ടു കരഞ്ഞടുക്കുന്ന ആ കുരുന്നുകള്‍. മുളകമ്പുകള്‍ തള്ളിയിട്ട മദ്യപാനി ആള്‍കൂട്ടത്തിലേക്കോടി മറഞ്ഞു. ചോരയില്‍ പിടയുന്ന വയസ്സനെയും , ബാബ എന്നു വിളിച്ച്‌ കരയുന്ന ആ കുരുന്നുകളുടെയും നോവിന്‍റെ സാഹസികത കാണാന്‍ അവിടെ ബാക്കിയായ്‌ രണ്ടു മൂന്ന്‌ തെരുവ്‌ കാക്കകള്‍ മാത്രം.


നന്‍മകള്‍ നേരുന്നു

18 comments:

മന്‍സുര്‍ said...

ഈ ജീവിത യാത്രകളില്‍ പലപ്പോഴും നാം കണ്ടു മറന്ന മുഖങ്ങളില്‍ മായാതെ നിറഞ്ഞു നില്‍ക്കുന്ന ഓര്‍മ്മകളില്‍ ഈ രംഗങ്ങളില്ലേ നമ്മുടെ ഓരോരുത്തരുടെയും മനസ്സില്‍

അമ്മ തന്‍ മാറില്‍ തലച്ചായ്‌ച്ചുറങ്ങാന്‍ കൊതിക്കും കുഞ്ഞിളം പൈതങ്ങള്‍ വേനല്‍ചൂടിന്‍ തെരുവോരങ്ങളില്‍ ...ഒരു നേരത്തെ അന്നത്തിനായ്‌..

മാണിക്യം said...

ഇതു ഒരു സത്യമാണ്‍ പ്ക്ഷേ ആലോചിച്ചപ്പൊ
വല്ലാതെ നൊമ്പരം തോന്നി....മരിച്ച വൃദ്ധനോ അനുകമ്പാ അതോ ആ കുഞ്ഞുങ്ങളൊ?
എനിക്ക് അറിയില്ലാ....

സഹയാത്രികന്‍ said...

കണ്ടിട്ടുണ്ട് ഇത് പോലെ തെരുവ്സര്‍ക്കസ് നടത്തുന്നവരെ... പലപ്പോഴും സങ്കടത്തോടെ നോക്കി നിന്നിട്ടും ഉണ്ട്... ഒരു നേരത്തെ അന്നത്തിനായി എന്തെല്ലാം ചെയ്യണം... പാവങ്ങള്‍...

മന്‍സൂര്‍ ഭായ്... നോവുള്ള ഒരു ഓര്‍മ്മ...
:)

ബാജി ഓടംവേലി said...

നൊമ്പരപ്പെടുത്തുന്ന അനുഭവ വിവരണം.
കണ്ണിനെ ഈറനണിയിച്ചു.
[പിന്നെ വേറൊരു കാര്യം നിന്നെപ്പറ്റിയെഴുതിയതില്‍ ഇങ്ങനെ ഒരു വാചകം കണ്ടു. “എന്‍റെ കൂട്ടുക്കാരന്‍ മരണമാണ്‌“ അതു മുഴുവന്‍ പല പ്രാവശ്യം വായിച്ചു. എന്തോ ഒരു വല്ലായ്‌മ. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു, നീയും ജീവിതത്തെ കൂട്ടുകാരനാക്കുക.ജീവിതത്തെ സ്‌നേഹിക്കുക - കൂട്ടുകാരായ് ഈ ബൂലോകം കൂടെയുണ്ടാകും]

Sethunath UN said...

നോവിയ്ക്കുന്നു ഇത്.
മരണത്തെപ്പറ്റിയുള്ള മന്‍സ്സൂറിന്റെ ചിന്തക‌ള്‍ വിട്ടുക‌ളയൂ. ചിരിയ്ക്കൂ

ഏ.ആര്‍. നജീം said...

നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി മന്‍സൂര്‍ഭായ്..
ഇത്തരം തെരുവു സര്‍ക്കസുകള്‍ എത്രയോ നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്നു.. ചുറ്റും കൂടി നില്‍ക്കുന്ന ജനക്കൂട്ടത്തെ കാണുമ്പോള്‍ സന്തോഷത്തോടെ ഐറ്റംസ് ചെയ്യുന്ന സര്‍ക്കസുകാരന്‍. അദ്ദേഹത്തോടൊപ്പമുള്ള കുരുന്നു പെണ്‍കുട്ടി പിച്ചപാത്രവുമായ് വരുന്നത് കാണുമ്പോഴേക്കും പതുക്കെ ചിതറുന്ന ജനങ്ങള്‍...
"ഓഹ് ഇതോക്കെ മാജിക്ക് ആണെന്നെ", അല്ലെങ്കില്‍ "ഓഹ് ഇതൊക്കെ നിത്യവും പ്രാക്ടീസ് ചെയ്താല്‍ ആര്‍ക്കും പറ്റുമെന്നേ" എന്ന് ഈ സാഹസങ്ങള്‍ കണ്ടു നിന്നു നിസാര കമന്റ് വിടുന്ന ചിലര്‍..

ദിലീപ് വിശ്വനാഥ് said...

വളരെ നല്ല കുറിപ്പ്. മനസില്‍ ചെറിയ നൊമ്പരം ഉണ്ടാക്കാന്‍ ഈ കുറിപ്പിനു കഴിയുന്നു.

കുഞ്ഞന്‍ said...

ഒരു ചാണ്‍ വയറിനുവേണ്ടി അവരും നമ്മളും, ഒരു പക്ഷെ ചില ലേബര്‍ക്യാമ്പില്‍ കഴിയുന്ന പ്രവാസികളുടെ ജീവിതമായി തട്ടിച്ചുനോക്കുമ്പോള്‍ തെരുവ് സര്‍ക്കസ് എത്രയൊ ഭേദമാണ് എല്ലാംകൊണ്ടും..!

മന്‍സുര്‍ said...

മാണിക്യം....നന്ദി
സഹയാത്രികാ....ശരിയാണ്‌ എല്ലാം ഒരു നേരത്തെ അന്നത്തിനായ്‌ അല്ലേ
ബാജിഭായ്‌...ആരെയും നൊമ്പരപെടുത്താന്‍ മനസ്സാഗ്രഹിക്കാറില്ല...വേദനിപ്പിക്കാനും തോന്നാറില്ല..പിന്നെ നമ്മുടെ രോദനങ്ങള്‍ മറ്റുള്ളവരിലൂടെ കേള്‍കുബോല്‍ അറിയാതെ പറഞ്ഞു പോക്കുന്നു...ഈ സ്നേഹം...മനസ്സിന്‌ ഒരു കുളിരാണ്‌ ഭായ്‌..കാരണം സ്നേഹിക്കപ്പെടാന്‍ ആരോരുമില്ലാത്തവരുടെ വേദന അനുഭവങ്ങളണ്‌ . തീര്‍ച്ചയായും ഈ ബൂലോകത്തെ സ്നേഹതണലില്‍ ഞാനും നിങ്ങളോടൊപ്പം...മനസ്സില്‍ എന്നും പ്രാര്‍ത്ഥനകളാണ്‌ എന്റെ എല്ലാ കൂട്ടുക്കാര്‍ക്കും വേണ്ടി...നന്‍മകള്‍ നേരുന്നു സ്നേഹിതാ...
നിഷ്‌കളങ്കാ...എത്ര ചിരിച്ചാലും അകലുമോ ആ സത്യം എങ്കില്‍ ഞാന്‍ ചിരിച്ച്‌ കൊണ്ടേയിരിക്കാം...അല്ല സത്യത്തില്‍ അതാണ്‌ ഞാനിന്ന്‌ ചെയ്യ്‌തു കൊണ്ടിരിക്കുന്നത്‌...
നജീംഭായ്‌ ... വളരെ സത്യം അവരുടെ ഓരോ വീഴ്ചകളും കണ്ടു ചിരിക്കുന്നവരാണ്‌ നമ്മുക്ക്‌ ചുറ്റും...നാം വീഴുബോല്‍ മറ്റുള്ളവര്‍ ചിരിച്ചാല്‍ നമ്മുക്ക്‌ പിടിക്കില്ല അല്ലേ നന്ദി ഭായ്‌
വാല്‍മീകി.... നന്ദി...
കുഞ്ഞാ... എത്ര സത്യമായ ചിന്ത.... മറ്റൊരു സര്‍ക്കസ്സ്‌ കൂടാരത്തിലെ സാഹസികരാണ്‌ നമ്മല്‍..മറ്റുള്ളവരുടെ സന്തോഷത്തിനായ്‌ എവിടെ ഐറ്റംസ്സുകള്‍ അവതരിപ്പിക്കുന്നു അല്ലേ

സ്നേഹാക്ഷരങ്ങള്‍ക്കും..അഭിപ്രായങ്ങള്‍ക്കും നന്ദി കൂട്ടുക്കാരെ

നന്‍മകള്‍ നേരുന്നു

അലി said...

ഒരു നേരത്തെ അന്നത്തിനായ്‌.. മരണത്തിനു മുകളില്‍ വലിച്ചുകെട്ടിയ ദാരിദ്ര്യത്തിലൂടെയുള്ള പ്രയാണം... ജീവിതമെന്ന ഞാണിന്‍‌മേല്‍ക്കളിയെ നന്നായവതരിപ്പിച്ചു. എല്ലാവരുടെയും ജീവിതമതാണെങ്കിലും... തെരുവുസര്‍ക്കസ്കാരുടെ ജീ‍വിതത്തില്‍ കൂടുതല്‍ പ്രത്യക്ഷമാണ്...

പിന്നെ മന്‍സൂര്‍ക്കാ...
നിങ്ങള്‍ എങ്ങിനെയെഴുതിയാലും മരണം കൂടെയുണ്ടാവും... മരണം മനുഷ്യനെന്നല്ല, സര്‍വ്വജീവജാലങ്ങളുടെയും കൂടെയുണ്ട്. അതുകൊണ്ട് മരണത്തിന്റെ കൂട്ടുകാരനെന്ന ചിന്തയുടെ കുത്തക ഒഴിവാക്കുക.
മരണചിന്ത മണ്ണില്‍ നന്‍‌മ ചെയ്യാന്‍ മനുഷ്യനെ സഹായിക്കട്ടെ...

നന്‍‌മകള്‍ നേരുന്നു...

മന്‍സുര്‍ said...

പ്രിയ സ്നേഹിതാ അലിഭായ്‌...

എന്റെ ചിന്തകളുടെ അര്‍ത്ഥമാണിവിടെ നിങ്ങള്‍ വ്യാഖ്യനിക്കപ്പെട്ടിരിക്കുന്നത്‌. ഉയരങ്ങളിലേക്കുള്ള ഓട്ടത്തിനിടയില്‍ സ്നേഹം മറന്നു പോക്കുന്ന ജനത...ഒരു നിമിഷമെങ്കിലും നാം മരണത്തെ ഓര്‍ക്കുന്നുവെങ്കില്‍ ഒരുപ്പാട്‌ ദുരാഗ്രഹങ്ങള്‍ നമ്മില്‍ നിന്നും അകന്നു നില്‍ക്കുമത്രെ....തീര്‍ച്ചയായും നന്‍മയുടെ നേര്‍ പാതകള്‍ക്കായ്‌ മരണത്തെ മറക്കാതിരിക്കാം..
വിലപ്പെട്ട അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..

നന്‍മകള്‍ നേരുന്നു

ഉപാസന || Upasana said...

enthaa sar
sankatappetuththunna post ukal mathram
:)
upaasana

പ്രയാസി said...

കൂട്ടുകാരാ..
നല്ല പോസ്റ്റു നന്നായി..:)

കരീം മാഷ്‌ said...

ശരിക്കും നൊമ്പരപ്പെട്ടു.

ഏറനാടന്‍ said...

പ്രിയനാട്ടുകാരാ.. മനസ്സിനെ കൊളുത്തിവലിച്ച എഴുത്തായല്ലോ..

ഹരിശ്രീ said...

മന്‍സൂര്‍ ഭായ്,

മനസില്‍ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി ....

മന്‍സുര്‍ said...

ഉപാസന...
പ്രയാസി...
കരീംമാഷേ...
ഏറനാടാ..നാട്ടുക്കാരാ...
ഹരിശ്രീ......

സ്നേഹഭിപ്രായങ്ങള്‍ക്ക്‌ നന്ദി...വീണ്ടും വരിക

നന്‍മകള്‍ നേരുന്നു

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത:വിശപ്പിന്‍റ ബലിയാട്‌..........
രചന:മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.
ആ പിഞ്ചു ബാലികയുടെ നിലവിളി-
കേട്ടിരുന്നു ഞാന്‍ ഇന്നലെ !.
പച്ച മാംസത്തിലഗ്നി പടര്‍ന്ന ഗന്ധം-
ശ്വസിച്ചിരുന്നു ഞാന്‍ ഇന്നലെ !.
പഴുപ്പുകയറിയ വ്രണത്തിന്‍ അസഹനീയത-
കണ്ടിരുന്നു ഞാന്‍ ഇന്നലെ !.
സന്ധ്യവരെ നീണ്ട വിദ്യാലയത്തിലെ-
അവള്‍ തന്‍ പുഞ്ചിരി മാഞ്ഞു.
ഇനി ആ മുഖത്ത്‌ ദു:ഖം മാത്രം.
വേനലവധി കാലനായ്‌ ഭവിച്ച-
ബാലിക തന്‍ എരിയുന്ന ചിതക്കു-
മുന്നില്‍ തോരാത്ത കണ്ണുനീരുമായി-
ആ അദ്ധ്യാപിക മൂകമായി നിന്നു.
ഇനിയാരു നല്‍കിടും അന്നവും സ്നേഹവും;
വേനലവധി നല്‍കിയ മൂഢമാം ചിന്തയോ?
അന്നം ചോദിക്കും നേരം ശകാരം ചൊരിഞ്ഞ-
വീട്ടുകാരോടു തീര്‍ത്ത പകയോ?
പീഢനങ്ങള്‍കൊടുവില്‍ മുറിക്കുമൂലയില്‍-
ഉറങ്ങും അവളിലുയര്‍ന്ന വിശപ്പിന്‍ നിലവിളിയോ?
വീട്ടുകാരില്‍നിന്നേറ്റു വാങ്ങിയിരുന്നാ-
പീഢനങ്ങള്‍കൊടുവില്‍ എല്ലാം മറന്ന ആ രാത്രി-
പീഢനങ്ങള്‍ മറക്കാന്‍ പകലിന്‍
തണലായ്‌ നിന്ന വിദ്യാലയത്തില്‍-
തീയായ്‌ സ്വയം നിന്നെരിഞ്ഞവള്‍.
തീയായ്‌ സ്വയം നിന്നെരിഞ്ഞവള്‍.
പാതി വെന്ത ദേഹം പീഢനത്തെക്കാള്‍-
വേദന തിന്നു പിന്നെയും ജീവിച്ചു.
എന്നും അന്നവും സ്നേഹവും നല്‍കിയിരുന്നാ-
പ്രിയ അദ്ധ്യാപികയോടു ഒരുനാള്‍-
അവള്‍ മെല്ലെ ചൊല്ലി;
"എനിക്കിപ്പോള്‍വിശപ്പില്ല ടീച്ചര്‍"
"എനിക്കിപ്പോള്‍വിശപ്പില്ല ടീച്ചര്‍"
വേദന ശമിച്ച ശാന്തത കണ്ടു-
മടങ്ങിയ ആ അദ്ധ്യാപിക പിന്നെ-
കണ്ടതവളുടെ വെള്ളപുതച്ചശരീരം.
ആ വിശപ്പിന്‍റ നിലവിളി നിലച്ചു !.
ആ പിഞ്ചു ബാലികയുടെ ശ്വാസവും.
ഒടുവില്‍ വിശപ്പില്ലാത്ത ലോകം,
തേടിയവള്‍ യാത്രയായ്‌......
അവഗണനയും ക്രുരതയും ഇല്ലാത്ത-
ലോകം തേടിയവള്‍ യാത്രയായ്‌......
ആ വിശപ്പിന്‍റ നിലവിളി നിലച്ചു !.
ആ പിഞ്ചു ബാലികയുടെ ശ്വാസവും.
mansur,see the link http://sageerpr.blogspot.com/2006/10/blog-post_9696.html